Monday, March 6, 2017

കഴുവേറിക്കാറ്റ്

പടുപട്ടിണി ചാഞ്ഞമരും ചെറു
ചായ്പ്പിനിരുള്‍ത്തുണ്ടില്‍
ഉരിയരിയിലുറഞ്ഞടിയും നെടു-
വീര്‍പ്പുകള്‍ പൂക്കുമ്പോള്‍
കുഴിയെത്തിയ കണ്ണുകളില്‍ പുഴ
വറ്റിമരിക്കുമ്പോള്‍
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
മതവിപണികള്‍; രാഷ്ട്രീയത്തി-
ന്നിടനിലയുടയോന്‍മാര്‍
തല നിലവിലയിട്ടുമുറിച്ചു
വലിപ്പം നേടുമ്പോള്‍
പുതുചോരപരന്നമണം ചെറു
ചൂരു ചുരത്തുമ്പോള്‍
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
തളിരഴകുകള്‍ പൂത്ത രവം വൃഷ-
ണങ്ങളിലെത്തുമ്പോള്‍
ഉടലിടകളിലായുധമേറ്റി
വരുന്ന ശിഖണ്ഡികളാല്‍
അടിമുടി മുറിവേറ്റുലയുന്നൊരു
തേങ്ങലു കണ്ടിട്ടോ
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
മരനിരകളുമരുവിയുമൊരു പിടി-
യായമരുമ്പോഴും
മലമുകളുകളേറിയ കല്ലുകള്‍
താഴേയ്ക്കുരുളുമ്പോള്‍
മനമിടറിയ നാറാണത്തിന്‍
ബോധ്യമുറച്ചിട്ടോ
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ..!!!

Friday, June 17, 2016

തെയ്താരോ തെയ്തകതിത്താ

തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
പെരയൊണ്ടതു പെരയാക്കാനീ
മടലോലകളറുപതു വേണം
മെടയണമതു കെട്ടണ നാരും
വാട്ടണമതിനുരി,യൊരു മടലെട്
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
ചിങ്കാരാ കേറെട മേപ്പോ-
ട്ടുന്തിക്കുതിക്കു കറമ്പാ
മോന്തായം മേഞ്ഞു മറയ്ക്കാ-
നിനിയുത്തരമേളിലിരിക്കെട
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
വളയുള്ളതു വളയില്ലൂപ്പേ
ചിതലുള്ള കഴുക്കോല്‍ മാറ്റാം
തിരുകെട മടി നിറയേ നാരും
എറിയെടി മടലവിടെത്തന്നെ
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
പിരിയെട നാരൊരുപിരിയിരുപിരി
ചേര്‍ത്തൂത്തി മറയ്ക്കെട വേഗം
ചോരാണ്ടേ കൊല്ലം മൂന്നും
പോകണമിനി മേയും വരെയും.
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക
തെയ്താരോ തെയ്തകതിത്താ
തെയ്താരോ തെയ് തക തക തക

Tuesday, November 10, 2015

കാവ്

തണലാണു തളിരാടയാണ്; നേരിന്റെ
തെളിവാണു കുളിരുമ്മയാണ്
മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ- 
ളുലയുന്ന മരജാല വരമെന്റെ കാവ്
ചിരിയാണു ചിറകാട്ടമാണ്; കാവെന്റെ-
യുടലാണു തുടിതാളമാണ്
പഴമണ്ണിലൊരു തുള്ളി മഴയേറ്റമണമുണ്ടു
ചിരിതൂകി മണിനാഗമിഴയുന്ന കാവ്
തെളിനീരിനുറവാഴമാണ്‌; ദാഹത്തി-
നഴലാറ്റുമഴകറ്റമാണ് 
അറിയാതെ നിഴലിന്റെ മറയത്തു മരുവുന്ന
പല ജീവനുയിരായ കുളമുള്ള കാവ്
ശിലയായി ശവതത്വമായി; പാഴ് ജന്മ- 
വിധിയിൽ തപിക്കുമ്പൊഴെന്നെ 
ശിവസ്വത്വ ശിഖരത്തിനുയരത്തിനുരുവാക്കി-
യുലരാതെ പുലരുന്ന നലമുള്ള കാവ്
പറയാത്ത ഭരദേവിയാണ്; ജീവന്റെ-
യൊരു കുഞ്ഞു നിഴലാട്ടമാണ് 
അധമന്റെ മഴുവേറ്റു മരണത്തിനൊലി കേട്ടു
ഹൃദയം തപിക്കുന്ന മുറിവിന്നു കാവ്
മൃതിയാണ്‌, ശിശുഹത്യയാണ്; നീ തീർക്കു-
മൊരു കാവുമൊരു ലോകമാണ് 
ഇനിയൊന്നു നിവരാതെ നിഴലൊന്നു വിടരാതെ
യുണരാതെയുലയാതെയമരുന്നു കാവ്
കനലായി മഴപെയ്തു തീരും; നീ തീർത്ത
മണിസൗധ സുഖലോകമെല്ലാം 
ഗതകാല ശിലദൈവമുരുകിശ്ശപിക്കുന്നു 
ശവമാകുമൊരു കാവിനഴകില്ലയെങ്കിൽ...!

Thursday, April 16, 2015

തിന്തിനുന്ത തിന്താരെ

തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
കണ്ണിലിന്നുമിമ്മിണി വെള്ളം പൊടിയണു പെണ്ണേ
സങ്കടങ്ങളില്ലോളമല്ല കടലോളമാണേ
കുഞ്ഞുന്നാളിലുണ്ടു കളിച്ചുമുറങ്ങിയോരല്ലേ
ചങ്കിലിന്നുമൊണ്ടു കിടാത്തി ചിരിക്കണ മോറ്
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
മാനത്തു പെരുമീനുദിച്ചതു കണ്ട നെലാവും
മണ്ണപ്പം കണ്ണഞ്ചെരട്ടയില്‍ ചുട്ടൊരു കാവും
കുര്യാല കെട്ടിയ മാവും വരമ്പത്തെക്കൂടും
പിരിയാതെ ക്ടാത്തിയോടൊത്തൊണ്ടു ചങ്കിലന്നിന്നും
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
ചെമ്മാനത്തന്തിവെളക്കു തെളിഞ്ഞൊരു നേരം
കൈകൊണ്ടു കണ്ണു മറച്ചു പറഞ്ഞുനീയിഷ്ടം
കിന്നാരം പിന്നെയുമെത്ര പറഞ്ഞു നീ പെണ്ണേ
പുല്ലാനിക്കാട്ടിലെ മണ്ണില്‍ മറഞ്ഞന്നു പോലും.
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
ചെഞ്ചോര തുപ്പിനീ വീണതു കണ്ടു ഞാനെന്തേ
കണ്ണില്‍ പരന്നൊരിരുട്ടില്‍ കുഴഞ്ഞു കമഴ്ന്നൂ
അന്തീ വെളിച്ചം പരന്നു തെരഞ്ഞപ്പൊക്കണ്ടൂ
പുല്ലാനിക്കാട്ടിലടക്കിയ ചാവിന്റെ കൂന

തിന്തിനുന്ത തിന്താരെ തക തിന്തകത്താര

Thursday, February 26, 2015

മുടിയാട്ടണം

താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
രാമനുഴുതു കൈ കൊഴയണു തീ വരമ്പടി പൊള്ളണൂ
ചാത്തനമ്പടി പൊത്തു തപ്പണു കാരിയെന്നു പുലമ്പണ്
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
പോരെടി പണി കത്തിനിക്കണ നേരമെന്തു തിരുമ്പണ്
ചാരി നിന്നു ചമഞ്ഞു നോക്കണ ചീര നിന്നു ചിരിക്കണ്
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
അപ്പനും പെരുമുത്തനും കരിഞ്ചാത്തനും കരിങ്കാളിയും
തപ്പെടുത്തിട വിത്തിടുന്നിട നിക്കണേ മലമുത്തിയേ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
കൊച്ചിനും കൊടു കൊട്ടയൊന്നിലു വിത്തിടും പണി നേരത്ത്
പാറ്റിയിച്ചിരു വറ്റെടുത്തു കലത്തിലിറ്റിടു നീലിയേ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
തട്ടണം പടി കിട്ടണം തടി വെട്ടണം കുടി കെട്ടണം
തിട്ടകെട്ടി കുരുംബവന്നടി മുട്ടണം മുടിയാട്ടണം
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ

Friday, August 29, 2014

താനതിന്തിമി താന തിന്താരോ

താനതിന്തിമി താന തിന്താരോ തക താന തിന്താ
താനതിന്തിമി താന തിന്താരോ തക താന തിന്താ
ഞാറ്റുവേലക്കാറ്റടിച്ചാടീയെണിയെന്‍റെ പെണ്ണേ
ഞാറ്റടിപ്പണിയാളടുക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറ്റുപാട്ടൊത്തോടിയെത്തണ്ടേ കണ്ടംനിറഞ്ഞ-
ങ്ങാടി ഞാറു പറിച്ചു വക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
രാവു രാകി വെളുത്ത സൂരിയനും മലമോളിലെത്തീ
ചാവടുത്തു മെലിഞ്ഞു ചന്തിരനും തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
കാളി നീലി കറുമ്പി കുഞ്ഞോളും പൊടിയന്‍ വെളുമ്പന്‍
രാമനും പണിയൊണ്ടു കണ്ടത്തീ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
നേരമായൊണരെന്‍റെ പെണ്ണാളേയെടയണ്ട തമ്പ്രാ
കാടി മോന്താനില്ല തന്തോയം തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ചെക്കനും പിന്നെളയ പുള്ളാരും തരിവറ്റു നോക്കി
ത്തട്ടിയിട്ടു പൊടിച്ചു മഞ്ചട്ടീം തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറുപാകി നെറഞ്ഞ കണ്ടത്തീ മുറിയാതെ കിട്ടും
കൂലി നെല്ലൊരു ചങ്ങഴിക്കുഴിയില്‍ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറ്റുവേലക്കാറ്റടിച്ചാടീയെണിയെന്‍റെ പെണ്ണേ
ഞാറ്റടിപ്പണിയാളടുക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)

Wednesday, July 30, 2014

കാക്കണേ കരിഞ്ചാത്താ

എന്റെ തൈവേ...
എല്ലക്കല്ലു ചാമീ...
കാക്കണേ കുഞ്ഞു കുട്ടിപ്പരാതീനം...
കാവുവെട്ടീ കൊളം നേത്തീ വന്നേ
നാട്ടിലേ കാടരീ ക്കാട്ടിൽ
കാക്കണേ.. കരിഞ്ചാത്താ..
കാട്ടിലെപ്പാവമീ ചെടിയെ മരത്തിനെ
കാക്കണേ.. കരിഞ്ചാത്താ..
കാക്കണേയെങ്ങളേം നിന്നേം..

താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ

ഏടെന്റെ തൈവേ കരിഞ്ചാത്തനേടെ
കരിങ്കാവു കണ്ടിച്ചിടുന്നെന്റെ തൈവേ
ശവക്കോട്ട പോലെ പെരക്കോട്ട കെട്ടാൻ
മുറിച്ചിട്ടു മാവും പിലാവും കവുങ്ങും
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

പര്യമ്പരത്തിന്നു കാവില്ല ചാത്താ
അന്തിത്തിരി വച്ച മരമില്ല ചാത്താ
പൂമീ തൊരന്നുള്ളു  മാന്തിപ്പെറുക്കീ
പൂവില്ല പൊഴയില്ല പൂഴിയില്ലല്ലോ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

പെരക്കോലു കുത്താങ്കെടന്നോട്ടമോടീ
ചതിച്ചില്ല ചാത്താ തൊരന്നില്ല ഞങ്ങൾ
മരം നൊന്ത വേവും നെലം വിണ്ട തീയും
നിരീക്കാനുമയ്യോ കൊടും പേടി ചാത്താ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

കുരുപ്പൂ കൊടുത്തൂ കുരുംബമ്മ പണ്ടീ
കുരുത്തപ്പിഴയ്ക്കും കുറുമ്പേറ്റിയോർക്കും
ഒരുപ്പൂവിറുക്കാൻ ചെടിച്ചോടുമില്ലേ
തുണയ്ക്കേണമപ്പാ പെണങ്ങല്ലെയമ്മേ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)